ചോന്ന കാച്ചില്‌

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അന്നു ചാറിയ ചാറ്റില്‌ ഞാ-
നഞ്ച്‌ കാച്ചില്‌ നട്ടേ
അഞ്ച്‌ കാച്ചില്‌ വള്ളീം
എന്‍റെ കള്ളിപ്പെണ്ണ്‌ നനച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അഞ്ച്‌ പാറ്റല്‌ നിന്ന്‌
വെയിലൊന്നു നന്നായുറച്ചേ
അഞ്ച്‌ കാച്ചില്‌ വള്ളീം -നല്ല
അന്തസ്സോടെ വളന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കെഴങ്ങ്‌ വക്കണ നേരം ഞാ-
നെന്‍റെ പെണ്ണോട്‌ ശൊന്നേ
ചാണാനൊട്ടു കലക്കീ
മൊരട്ടിത്തൂവെടി കണ്ണേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കൂര്‍ത്ത കണ്ണോണ്ട്‌ നോക്കീ
ഓള്‌ കേക്കാത്ത മാതിരി നിന്നേ
കലിപെരുത്തിട്ട്‌ ഞാന്‌
നല്ല പുളിയന്‍ പേരു ബിളിച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തെറിയും കേട്ടിട്ടോള്‌
തിരിഞ്ഞു നോക്കാത്ത കണ്ട്‌
പെരുപ്പ്‌ കേറീട്ട്‌ ഞാന്‌
മടക്ക വാളൊന്നെട്‌ത്തേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

വയറ്റിക്കെടന്ന കള്ള്‌
പണികൊടുത്തെന്‍റെ പൊന്നേ
പെടഞ്ഞ്‌ തീര്‍ന്നെന്‍റെ പെണ്ണ്‌
കാച്ചില്‌ നട്ടേന്‍റെ ചോട്ടില്‍

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തല പെരുത്തിട്ട്‌ ഞാന്‌
കാച്ചില്‌മാന്തിയ നേരം
ചൊകചൊകാന്ന്‌ ചോന്നാ
കാവിത്ത്‌ കണ്ടെന്‍റെ പൊന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കാവിത്ത്‌ കയ്യിലെട്ത്ത്‌
തരിച്ചിരിക്കണ നേരം
പടപടാന്ന്‌ മിടിച്ചേ - ആ
കെഴങ്ങ്‌ കയ്യിലിര്ന്ന്‌..

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

മടവെള്ളം

മടപൊട്ടിപ്പായണ പാച്ചിലിന്‌
തടകെട്ടാനെന്‍റാളേ പൊയ്ക്കൂടല്ലേ
മടവെള്ളമാണ്‌ മരണവെള്ളം
തടകെട്ടും പുലയന്‍റെ മൂച്ചെടുക്കും (F)

എന്തേ പറയണെന്‍റോമലാളേ
തടകെട്ടാതെങ്ങനെ വെള്ളം നിക്കും
ഓരുവെള്ളം കേറീ പാടം നീറ്യാല്‍
ഒരുകൊല്ലം പട്ടിണി കുടി നെറയും (M)

പാടം നെറഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടം കരിഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടവരമ്പിനുറപ്പു കൂട്ടാന്‍
പാവമെന്‍ താലിച്ചരടുവേണ്ടാ (F)

പാടുപറഞ്ഞു മുടക്കല്ലോളേ
മടവെള്ളമേറിയാല്‍ ഞാറു ചീയും
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
ഈ നാടുമൊത്തം മുടിഞ്ഞു പോകും (M)

മടകെട്ടാന്‍ ചാടണ പുലയന്‍ ചത്താല്‍
വരമ്പത്തവനു വെളക്കു വെയ്ക്കും
മാടത്തെ വെട്ടം വെലകൊടുത്ത്‌
വരമ്പത്തെനിക്കു വെളക്കു വേണ്ടാ (F)

കണ്ണീരോണ്ടേനു തടകെട്ടല്ലേ
കണ്ണിമയ്ക്കാതെ വരവു കാത്തോ
മടകെട്ടീട്ടുയിരോടെ ഏന്‍ വരുവാന്‍
കാവിലേക്കെന്‍റോള്‌ നേര്‍ച്ച നേര്‍ന്നോ (M)

മാടം നിറയ്ക്കുവാനല്ല പോണൂ
തമ്പ്രാന്‍റെ കുമ്പ നിറയ്ക്കാനല്ലേ
പാടത്തു ചേറിലിറങ്ങും മുന്പേ
മാടത്തു വിങ്ങണ നെഞ്ഞോര്‍ക്കണേ (F)

കരളുപറിച്ചു ഞാന്‍ പോണെന്‍റോളേ
ജീവിച്ചു പൂതിയും തീര്‍ന്നിട്ടില്ലാ
ഉയിരു വിതച്ചു കുരുത്തപാടം
കരിയണ കാണാനേനുണ്ടാവില്ലാ (M)

പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്‍
അരിവാളുകൊണ്ടേനുയിരെടുക്കും (F)

ഈ പാട്ട്‌ ഈണം ആല്‍ബത്തില്‍ കേള്‍ക്കൂ..

മേലേ മാനത്തേ..

മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്‌
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്‌

(മേലേ മാനത്തേ.. )

നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്‌
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്‌
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്‌

(മേലേ മാനത്തേ.. )

നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ

(മേലേ മാനത്തേ.. )

മാനത്തെല്ലാം വിത്തുവിതച്ചതു..

മാനത്തെല്ലാം വിത്തുവിതച്ചതു
മഞ്ഞപ്പൂക്കണിയായപ്പോള്‍
മാടത്തീന്നതു കൊയ്യാനെത്തിയ
ചെറുമിപ്പെണ്ണിനു തന്തോയം

അന്തിപ്പഷ്ണി കിടന്നുകിടന്നു
മെല്ലിമെലിഞ്ഞ പെലക്കള്ളീ
മോറിയ ചെമ്പിന്‍പിഞ്ഞാണം പോല്‍
മൊകറു്‌(മോറു്‌) വിടര്‍ത്തണ കണ്ടില്ലേ

മാനമിരുട്ടി വെളുത്താലവളെ
കാണാനെത്തുമൊരാണാള്‌
നാണംകൊണ്ടവളമ്മാടത്തി-
ന്നുള്ളിലൊളിക്കുമിട്ട്വോളം

തിരഞ്ഞുതിരഞ്ഞു മടുത്തിട്ടവനോ
(തിരഞ്ഞു കണ്ണുകഴച്ചിട്ടവനോ)
തിരിച്ചു പോകും വൈകാതെ
കത്തിത്തീര്‍ന്ന കരിന്തിരിപോലവള്‍
കരഞ്ഞുതീര്‍ക്കും രാവാകെ

കൈതപ്പൂവിന്‍റെ..

കൈതപ്പൂവിന്‍റെ കാതില്‍ മൂളണ
കാര്യമെന്താ കരിവണ്ടേ
കാത്തുനിക്കണ മാരനെങ്ങാനും
കാണാനെത്തണതിന്നാണോ

പതഞ്ഞൊഴുകണ പുഴയരികില്‌
പാത്തു നിക്കണ പൊന്മാനേ
കൂട്ടിനുള്ളില്‍ വിശന്നിരിക്കണോ
കുട്ടി കുറുമ്പ്‌ രണ്ടെണ്ണം

തുമ്പപ്പൂവില്‌ തേനുറയണ്‌
തുമ്പിപ്പെണ്ണു പറഞ്ഞില്ലേ
തേനുറുമ്പിന്‍റെ കുഞ്ഞുവായില്‌
കപ്പലോട്ടാനാളുണ്ടോ

കഥപറയണ കുഞ്ഞിക്കാറ്റേ
നാട്ടിലെന്തു വിശേഷം
മുല്ലപ്പെണ്ണിന്‍റെ കാതുകുത്താന്‍
തട്ടാരെത്തണതിന്നാണോ

പറനിറയണ്‌ അറനിറയണ്‌
കൊടിയുയരണ്‌ കാവില്‍
ചെറുമിപ്പെണ്ണിന്‍റെ പൈപ്പുമാറ്റാന്‍
ചാമയെത്തണതെന്നാണോ

പൊറാടത്തിന്‍റെ മകള്‍ വര്‍ഷ ഈ പാട്ടുപാടിയത്‌ ഇവിടെ കേള്‍ക്കാം.

കുരയ്ക്കും പട്ടി കടിക്ക്വേം ചെയ്യും

ചകചകാന്നൊരു സുന്ദരിക്കോതേന്‍റെ
ചക്കരമോറൊന്ന്‌ കണ്ടെളേമ്മേ
ചക്ക മൊളഞ്ഞീല്‌* ഈച്ചേന്‍റെ മാതിരി
ചങ്കെന്‍റേതങ്ങൊട്ട്യെളേമ്മേ

തലയിട്ടാട്ടുംബം ചന്തീല്‌ മുട്ടണ്‌
പനങ്കൊലപോലെ മുട്യെളേമ്മേ
ചെങ്കരിക്കിന്‍റെ കൊലകണക്കിനെ
മുന്നില്‌ തൂക്കണ്ടെന്‍റെളേമ്മേ
കള്ളൊലിക്കണ മാട്ടത്തിന്‍റേല്ക്ക്‌**
പിന്നിലും തൂക്കണ്ടെന്‍റെളേമ്മേ

തൊളച്ച്‌ കേറണ നോട്ടമെറിയുംബം
പള്ളേല്‌ കാളണ്‌ണ്ടെന്‍റെളേമ്മേ
പണിമറന്ന്‌ ഞാന്‍ നോക്കിനിക്കുംബം
പെണക്കം കാണിക്കും പെണ്ണെളേമ്മേ

ഓളെ ഓര്‍ത്തിട്ട്‌ കള്ളടിക്കുംബം
പിരിഞ്ഞ്‌ കേറണില്ലെന്‍റെളേമ്മേ
തലക്കണേന്‍റെ*** പതുപ്പിനുള്ളിലും
ഓളെ നോട്ടാണെന്‍റെളേമ്മേ

ഒറക്കം വറ്റീട്ടൊടുക്കം പിന്നെ ഞാന്‍
മതില്‌ ചാട്യെന്‍റെ പൊന്നെളേമ്മേ
കൊരച്ച നായേന്‍റെ കടിയും കൊണ്ടിട്ടും
ഉള്ളിന്‍റുള്ളില്‌ ഓളെളേമ്മേ..

-----------------------
*വെളഞ്ഞി, ചക്കയുടെ പശ.
**ചേല്ക്ക്, പോലെ
***തലയിണ

കല്യാണി..

ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌
പൂത്തു നിക്കണ്‌ കല്യാണീ
അന്തിമോന്തീട്ട്‌ ചാരത്ത് ചെല്ലുംബം
തെളതെളക്കണ്‌ കല്യാണീ

ചന്തമുള്ളൊരു മാറത്ത് നൂളണ്
അന്തി ചോപ്പുള്ള സൂരിയന്‌
ചന്തിവെട്ടിച്ച്‌ ഓള്‌ നടക്കുംബം
ചങ്കത്ത്‌ കൊള്ളണ്‌ തംബിരാനേ

അന്നനട കണ്ട്‌ വെള്ളമിറക്കുംബം
കള്ളച്ചിരിയൊന്നെറിയണോള്‌
കല്യാണി ചായണ കട്ടില്‌ കണ്ടിട്ട്‌
ചത്താലും വേണ്ടില്ല തംബിരാനേ

* * * * *

മനസ്സിലിപ്പഴും പെടപെടക്കണ്‌
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന്‌ പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ്‌ കല്യാണീ

കടപ്പാട്‌: മണിയുടെ കല്യാണിയോട്‌