പെരുമഴയത്ത്‌..

കതിരില്ലാപ്പാടത്ത്‌ കൊയ്ത്തിനു പോയേ
വായില്ലാത്തരിവാള്‌ പെരുമഴയത്ത്‌
ആകാശം കൂട്ടിത്തുന്നിയ തൊപ്പിക്കുടയാണേ
അരിവാളിന്‌ കൂട്ടിനുപോയത്‌ പെരുമഴയത്ത്‌

വെള്ളത്തിന്‌ നോറ്റുകെടക്കണ കൈച്ചാലൊന്നില്‍, ഓല്‌
വാഴത്തടയണകെട്ടീട്ടക്കര താണ്ട്യേ
അരിവേനല്‌ വെളഞ്ഞുകെടക്കണ കന്നിപ്പാടം, ഓല്‌
പ്ലാവിന്‍റെല മെതിയടികെട്ടീട്ടതിരുകടന്നേ

അകിടുമ്മല്‌ ചോരമണക്കണ മച്ചിപ്പയ്യ്‌
ഒറ്റക്കൊമ്പൊന്നുകുലുക്കി കുത്താന്‍ വന്നേ
പൊടിമണ്ണില്‌ വെയില്‍കായണ കുളയട്ടകള്‌
തേറ്റയിളിച്ചോല്‌ടെ കാലില്‍ കൊത്താന്‍ വന്നേ

മരമില്ലാക്കാടും താണ്ടീ കതിരില്ലാപ്പാടം ചെന്ന്‌
തെനകൊയ്യാനരിവാള്‌ വട്ടം കൂട്ട്യേ
പാടത്തിന്‍ വക്കത്തു്‌ മോതിരക്കൈചൂണ്ടി
കൊടചൂടിയ പൊന്നമ്പ്രാന്‍ കോപിക്കുന്നേ

പതിരല്ലേ പൊന്നമ്പ്രാ, വയറുരുകണ്‌ പശിയോണ്ട്‌
ചെറുതുങ്ങള്‌ വഴികാക്കണ്‌ മാടത്തില്‌
കലിതുള്ളണ പൊന്നമ്പ്രാന്‍ എള്ളോളമടുക്കാഞ്ഞ്‌
കണ്ണീരിന്‌ ചാലുമുറിച്ചേ പാടവരമ്പ്‌

കതിരില്ലാപ്പാടത്ത്‌ കൊയ്ത്തിനു പോയേ
വായില്ലാത്തരിവാള്‌ പെരുമഴയത്ത്‌
കണ്ണീരിന്‍ പെരുമഴയത്ത്‌..
കണ്ണീരിന്‍ പെരുമഴയത്ത്‌..

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..

പുതിയൊരു നാടന്‍ പാട്ട്‌. ഇതിനു പണിക്കര്‍ സാര്‍ ജീവന്‍ നല്‍കിയത്‌ ഇവിടെ കേള്‍ക്കാം..

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..


അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‌ മുങ്ങിത്താഴണ്‌
ആകാശക്കോലോത്തേ വല്യമ്പ്രാള്‌
പാടത്തെ പച്ചപുതയ്ക്കണ പൊന്നമ്പ്രാള്‌..

അക്കുന്നില്‌ പൊട്ടിവിരിഞ്ഞ്‌
ഇറയത്തൊരു പൂക്കളമിട്ട്‌
കരിവീട്ടിക്കവിളില്‍ ചിന്നണ
വേര്‍പ്പുമണിക്കുള്ളില്‍, ഒരു
പൊരിവെയിലായ്‌/തീപ്പൊരിയായ്‌ മിന്നി
നാടാകെ പൊന്ന്‌തളിക്കണ പൂരപ്പെരുമാള്‌..
(അന്തിക്കൊരു..)

കൈതപ്പൂ വീശിയുഴിഞ്ഞ്‌
പാടത്തൊരു കാറ്റോടുമ്പോള്‍
കാര്‍മേഘത്തണലിലൊരിത്തിരി
കൂര്‍ക്കംവലിയുയരണ കേട്ടോ ഞാറുനടുന്നോള്‌/ചെറുമിപ്പെണ്ണാള്‌..
(അന്തിക്കൊരു..)

വെയിലേറ്റു വിയര്‍ക്കണ മണ്ണും
മാളോരും ഒന്നു കുളിര്‍ത്തൂ
താഴോട്ടിനി വെട്ടമൊഴുക്കൂ
പകലിന്നുടയോനേ - ഞങ്ങടെ
നെല്ലോലകള്‍/വയലേലകള്‍ പൊന്നണിയട്ടേ
പത്തായം നിറയട്ടേ
(അന്തിക്കൊരു..)