അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..

പുതിയൊരു നാടന്‍ പാട്ട്‌. ഇതിനു പണിക്കര്‍ സാര്‍ ജീവന്‍ നല്‍കിയത്‌ ഇവിടെ കേള്‍ക്കാം..

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..


അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‌ മുങ്ങിത്താഴണ്‌
ആകാശക്കോലോത്തേ വല്യമ്പ്രാള്‌
പാടത്തെ പച്ചപുതയ്ക്കണ പൊന്നമ്പ്രാള്‌..

അക്കുന്നില്‌ പൊട്ടിവിരിഞ്ഞ്‌
ഇറയത്തൊരു പൂക്കളമിട്ട്‌
കരിവീട്ടിക്കവിളില്‍ ചിന്നണ
വേര്‍പ്പുമണിക്കുള്ളില്‍, ഒരു
പൊരിവെയിലായ്‌/തീപ്പൊരിയായ്‌ മിന്നി
നാടാകെ പൊന്ന്‌തളിക്കണ പൂരപ്പെരുമാള്‌..
(അന്തിക്കൊരു..)

കൈതപ്പൂ വീശിയുഴിഞ്ഞ്‌
പാടത്തൊരു കാറ്റോടുമ്പോള്‍
കാര്‍മേഘത്തണലിലൊരിത്തിരി
കൂര്‍ക്കംവലിയുയരണ കേട്ടോ ഞാറുനടുന്നോള്‌/ചെറുമിപ്പെണ്ണാള്‌..
(അന്തിക്കൊരു..)

വെയിലേറ്റു വിയര്‍ക്കണ മണ്ണും
മാളോരും ഒന്നു കുളിര്‍ത്തൂ
താഴോട്ടിനി വെട്ടമൊഴുക്കൂ
പകലിന്നുടയോനേ - ഞങ്ങടെ
നെല്ലോലകള്‍/വയലേലകള്‍ പൊന്നണിയട്ടേ
പത്തായം നിറയട്ടേ
(അന്തിക്കൊരു..)

1 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

പണിക്കര്‍ സാറിനും കൃഷ്ണേച്ചിക്കും വളരെ നന്ദി.