മടവെള്ളം

മടപൊട്ടിപ്പായണ പാച്ചിലിന്‌
തടകെട്ടാനെന്‍റാളേ പൊയ്ക്കൂടല്ലേ
മടവെള്ളമാണ്‌ മരണവെള്ളം
തടകെട്ടും പുലയന്‍റെ മൂച്ചെടുക്കും (F)

എന്തേ പറയണെന്‍റോമലാളേ
തടകെട്ടാതെങ്ങനെ വെള്ളം നിക്കും
ഓരുവെള്ളം കേറീ പാടം നീറ്യാല്‍
ഒരുകൊല്ലം പട്ടിണി കുടി നെറയും (M)

പാടം നെറഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടം കരിഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടവരമ്പിനുറപ്പു കൂട്ടാന്‍
പാവമെന്‍ താലിച്ചരടുവേണ്ടാ (F)

പാടുപറഞ്ഞു മുടക്കല്ലോളേ
മടവെള്ളമേറിയാല്‍ ഞാറു ചീയും
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
ഈ നാടുമൊത്തം മുടിഞ്ഞു പോകും (M)

മടകെട്ടാന്‍ ചാടണ പുലയന്‍ ചത്താല്‍
വരമ്പത്തവനു വെളക്കു വെയ്ക്കും
മാടത്തെ വെട്ടം വെലകൊടുത്ത്‌
വരമ്പത്തെനിക്കു വെളക്കു വേണ്ടാ (F)

കണ്ണീരോണ്ടേനു തടകെട്ടല്ലേ
കണ്ണിമയ്ക്കാതെ വരവു കാത്തോ
മടകെട്ടീട്ടുയിരോടെ ഏന്‍ വരുവാന്‍
കാവിലേക്കെന്‍റോള്‌ നേര്‍ച്ച നേര്‍ന്നോ (M)

മാടം നിറയ്ക്കുവാനല്ല പോണൂ
തമ്പ്രാന്‍റെ കുമ്പ നിറയ്ക്കാനല്ലേ
പാടത്തു ചേറിലിറങ്ങും മുന്പേ
മാടത്തു വിങ്ങണ നെഞ്ഞോര്‍ക്കണേ (F)

കരളുപറിച്ചു ഞാന്‍ പോണെന്‍റോളേ
ജീവിച്ചു പൂതിയും തീര്‍ന്നിട്ടില്ലാ
ഉയിരു വിതച്ചു കുരുത്തപാടം
കരിയണ കാണാനേനുണ്ടാവില്ലാ (M)

പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്‍
അരിവാളുകൊണ്ടേനുയിരെടുക്കും (F)

ഈ പാട്ട്‌ ഈണം ആല്‍ബത്തില്‍ കേള്‍ക്കൂ..

9 പ്രതികരണങ്ങള്‍:

appu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തണല്‍ പറഞ്ഞു...

“മട ഉയര്‍ത്തണ പുലയന്റെ കുടിലില്
തീപ്പുക പൊങ്ങാന്‍
മനം തെളിയണെ മിഴി തുറക്കണേ
തേവതമാരേ...”
-മടയില്‍ ജീവനോടെ ചവുട്ടി താഴ്ത്തപ്പെട്ട മണ്ണിന്റെ മക്കളുടെ ഓര്‍മ്മപുതുക്കല്‍...
പാമരാ,
ചങ്കില്‍ തട്ടുന്ന വരികള്‍!!!

നരിക്കുന്നൻ പറഞ്ഞു...

മനസ്സിൽ തട്ടുന്ന വരികൾ.
ഈ വരികൾ ആരെങ്കിലുമൊക്കെ പാടി പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

smitha adharsh പറഞ്ഞു...

നന്നായി...കേട്ടോ..
നാടന്‍ പാട്ടു ഇഷ്ടമില്ലാത്തവര് ഉണ്ടാവോ?

ശ്രീവല്ലഭന്‍. പറഞ്ഞു...

ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. നല്ല ഉദ്യമം. നല്ല പാട്ടും.

ശിവ പറഞ്ഞു...

ഹോ! ഇതൊക്കെ വായിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.... നന്ദി ഒരുപാട്....

മയൂര പറഞ്ഞു...

പുതു നാടന്‍പാട്ടുകള്‍ ഇവിടെ ഇതു പോലെ...പുനര്‍ജനിയ്ക്കട്ടെ എന്നാശംസിക്കുന്നു...

ലതി പറഞ്ഞു...

നന്ദി.

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

വളരെ നല്ല സംരംഭം. പാടി കേള്‍ക്കാനാണ്‌ കൂടുതലിഷ്ടം,അതേ ശീലില്‍.